02:42pm 11 August 2026
NEWS
മദീനയിലെയും ബോസ്‌നിയയിലെയും അന്താരാഷ്ട്ര വിദ്യാർത്ഥി പ്രോഗ്രാമുകൾ പൂർത്തിയാക്കി വിദ്യാഭ്യാസ മന്ത്രാലയം


11/08/2026  11:45 AM IST
nila
മദീനയിലെയും ബോസ്‌നിയയിലെയും അന്താരാഷ്ട്ര വിദ്യാർത്ഥി പ്രോഗ്രാമുകൾ പൂർത്തിയാക്കി വിദ്യാഭ്യാസ മന്ത്രാലയം

​ദോഹ: വേനലവധിയിൽ സംഘടിപ്പിച്ച രണ്ട് അന്താരാഷ്ട്ര വിദ്യാർത്ഥി പ്രോഗ്രാമുകൾ ഖത്തർ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം വിജയകരമായി പൂർത്തിയാക്കി.

​മദീനയിൽ മിഡിൽ, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ഒരു മാസം നീണ്ടുനിന്ന തീവ്ര ഖുർആൻ-വിദ്യാഭ്യാസ പരിശീലനവും, വിവിധ സർവകലാശാലകളിൽ നിന്നുള്ള 30 ഖത്തറി വിദ്യാർത്ഥികൾക്കായി ബോസ്‌നിയ ആൻഡ് ഹെർസഗോവിനയിലേക്ക് നടത്തിയ അക്കാദമിക്-സാംസ്‌കാരിക യാത്രയുമാണ് മന്ത്രാലയം സംഘടിപ്പിച്ചത്. 'ബനിയാൻ സ്റ്റുഡന്റ് സെന്റർ' മുൻകൈയെടുത്താണ് ക്ലാസ് മുറികൾക്ക് പുറത്തുള്ള പ്രായോഗിക അനുഭവങ്ങളിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം, സാംസ്കാരിക വീക്ഷണം, ദേശീയ-ഇസ്ലാമിക മൂല്യങ്ങളോടുള്ള പ്രതിബദ്ധത എന്നിവ വളർത്തുന്നതിന്റെ ഭാഗമായി ഈ പദ്ധതി നടപ്പിലാക്കിയത്.
​നബിദിന പള്ളിയുടെ (മസ്ജിദുന്നബവി) അന്തരീക്ഷത്തിൽ നടന്ന മദീന പ്രോഗ്രാമിൽ വിശുദ്ധ ഖുർആൻ മനഃപാഠമാക്കൽ, ആത്മീയ വിദ്യാഭ്യാസം, വ്യക്തിത്വ വികസനം എന്നിവ ഉൾപ്പെട്ടിരുന്നു. വിഭാവനം ചെയ്ത ഹിഫ്‌സ്, റിവിഷൻ ലക്ഷ്യങ്ങളുടെ 97 ശതമാനവും വിദ്യാർത്ഥികൾ കൈവരിച്ചു. ഇതിൽ അഞ്ച് വിദ്യാർത്ഥികൾ ഹഫ്സ് നിവേദനപ്രകാരമുള്ള വിശുദ്ധ ഖുർആൻ പാരായണ സനദ് സ്വന്തമാക്കുകയും മൂന്ന് പേർ പൂർണ്ണ ഖുർആൻ പാരായണം പൂർത്തിയാക്കുകയും ചെയ്തു. കൂടാതെ നബവി പള്ളിയിലെ ഇമാമും ഖതീബുമായ ശൈഖ് അബ്ദുൽ മുഹ്സിൻ അൽ കാസിമിൽ നിന്ന് അർബൻ നവവി ഉൾപ്പെടെ വിവിധ ഇസ്ലാമിക പാഠങ്ങളിൽ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളും മദീന ശൈലിയിലുള്ള ബാങ്ക് വിളി പരിശീലന സർട്ടിഫിക്കറ്റുകളും കരസ്ഥമാക്കി. ഉംറ നിർവ്വഹണം, പ്രവാചക ചരിത്ര പഠനം, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കൽ എന്നിവയും പ്രോഗ്രാമിന്റെ ഭാഗമായിരുന്നു.
​സാരയേവോ സർവകലാശാല, ഹമദ് ബിൻ ഖലീഫ സർവകലാശാല തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് സംഘടിപ്പിച്ച 'ബിയോണ്ട് ഈസ്റ്റ് ആൻഡ് വെസ്റ്റ്' അന്താരാഷ്ട്ര കോൺഫറൻസിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ബോസ്‌നിയ ആൻഡ് ഹെർസഗോവിന സന്ദർശിച്ചത്. സാംസ്കാരിക വിനിമയം, നേതൃത്വപാടവം, ടീം വർക്ക് എന്നിവ വളർത്തുന്നതിനുള്ള ശില്പശാലകളും ഫീൽഡ് വിസിറ്റുകളും ഇതിന്റെ ഭാഗമായി നടന്നു. ബോസ്‌നിയൻ ഗ്രാന്റ് മുഫ്തി ശൈഖ് ഡോ. ഹുസൈൻ കവാസോവിച്ച്, വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ഇബ്രാഹിം അൽ നുഐമി, ബോസ്‌നിയയിലെ ഖത്തർ അംബാസഡർ മിഷ്അൽ ബിൻ അലി അൽ അതിയ്യ തുടങ്ങിയ പ്രമുഖരുമായി വിദ്യാർത്ഥികൾ കൂടിക്കാഴ്ച നടത്തി. മധ്യ കിഴക്കൻ യൂറോപ്പിലെ മുസ്ലിം ജനതയുടെ ചരിത്രവും സ്രെബ്രെനിത്സയിലെ ദാരുണ സംഭവങ്ങളും നേരിട്ടറിഞ്ഞ യാത്ര സഹവർത്തിത്വത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും പ്രാധാന്യം ഓർമ്മിപ്പിക്കുന്നതായിരുന്നു.
​ശാസ്ത്രീയമായും ആത്മീയമായും നേതൃത്വപരമായും കരുത്തുറ്റ, ദേശീയ വ്യക്തിത്വത്തിൽ അഭിമാനിക്കുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കാൻ ഗുണനിലവാരമുള്ള പ്രോഗ്രാമുകൾ തുടർന്നും നൽകുമെന്ന് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img